മിതത്വത്തിന്റെ പ്രൗഢ സൗന്ദര്യം

This article has been viewed 720 times
ഇവിടെ പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തിക്കൊണ്ടുള്ള ഡിസൈൻ ക്രമീകരണങ്ങളാണ് എക്സ്റ്റീരിയറിലെ ഹൈലൈറ്റ്. പരമ്പരാഗത ശൈലിയുടേയും സമകാലീന ശൈലികളുടേയും പൂരകങ്ങൾ പരസ്പരം ചേർന്ന് പോകും വിധമാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. പല തട്ടുകളായി ഡിസൈൻ ചെയ്തിട്ടുള്ള മേൽക്കൂരയാണ് എലിവേഷനിലെ ഹൈലൈറ്റ്.

ഗ്രൂവ് പാറ്റേൺ നൽകിയ ചുറ്റുമതിലും പേവിങ് ടൈൽ പാകിയ ലാൻഡ്‌സ്‌കേപ്പും എല്ലാം എലിവേഷനെ മനോഹരമാക്കുന്ന ഘടകങ്ങളാണ്. നിറഞ്ഞ പച്ചപ്പ് തന്നെയാണ് എലിവേഷനെ മനോഹരമാക്കുന്നത്. പരമ്പരാഗത ശൈലിയിൽ നൽകിയ മേൽക്കൂരയ്ക്ക് ഷിംഗിൾസാണ് വിരിച്ചിട്ടുള്ളത്. ഫ്രെയിം പോലെ നൽകിയ ബോക്സ് ടൈപ്പ് ഡിസൈനും ബ്രിക്ക് ക്ലാഡിങ്ങും ഗ്ലാസും എല്ലാം കണ്ടംപ്രററി ശൈലിയോട് നീതി പുലർത്തുന്ന ഘടകങ്ങളാണ്.

ഇവിടെ ആദ്യത്തെ ലെവലിൽ കാർപോർച്ച്, രണ്ടാമത്തെ ലെവലിൽ ലിവിങ്, ഏറ്റവും ഉയർന്ന നിലയിൽ മറ്റ് സൗകര്യങ്ങൾ എന്നിങ്ങനെയാണ് വീട്ടിലെ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. വൈറ്റ് - ബ്രൗൺ നിറങ്ങളുടെ കോംപിനേഷനാണ് ഭംഗി. വീടിനു മുൻവശത്തും പിൻവശത്തും ഒരുക്കിയിട്ടുള്ള കോർട്ടിയാർഡാണ് വീടിന്റെ മറ്റൊരു ഹൈലൈറ്റ്.

നിറയെ വെളിച്ചവും വായുവും ഉള്ളിലേക്ക് എത്തിക്കുന്നതിനൊപ്പം തന്നെ മനോഹരമായ കാഴ്ച വിരുന്നും ഈ കോർട്ടിയാർഡുകൾ സമ്മാനിക്കുന്നു. പ്രധാന വാതിൽ തുറക്കുമ്പോൾ തന്നെ നോട്ടം ചെന്നെത്തുന്നത് സ്റ്റെയറിനോട് ചേർന്ന് ഒരുക്കിയിട്ടുള്ള കോർട്ടിയാർഡിലേക്കാണ്. ഇങ്ങനെ അകവും പുറവും നൽകിയ പച്ചപ്പിന്റെ സാനിദ്ധ്യം നിറയെ പോസിറ്റിവിറ്റി നിറയ്ക്കുന്നുമുണ്ട്.

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, പാൻട്രി സ്പേസ്, കോർട്ടിയാർഡ്, വിശാലമായി ഒരുക്കിയ നാല് കിടപ്പുമുറികൾ എന്നിങ്ങനെയാണ് അകത്തള സൗകര്യങ്ങളെ വിന്യസിച്ചിട്ടുള്ളത്.

പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ച് കൊണ്ട് വെൽകമിങ് ഫീൽ പ്രദാനം ചെയ്യും വിധമാണ് ഫാമിലി ലിവിങ്ങിന്റെ ക്രമീകരണം. ഫിക്സഡ് ഗ്ലാസ് നൽകിയ ജനാലയാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്.

ലിവിങ്, ഡൈനിങ് ഏരിയകളിൽ നിന്നും കോർട്ടിയാർഡിന്റെ മാസ്മരികത ആസ്വദിക്കാൻ ഉതകും വിധമാണ് ക്രമീകരണം. സ്റ്റെയർകേസിന്റെ പിന്നിലായിട്ടാണ് ഫാമിലി ലിവിങ്ങിന് സ്ഥാനം കൊടുത്തത്. പാൻട്രി, ഡൈനിങ്, യൂട്ടിലിറ്റി സ്പേസ്, ലേഡീസ് സിറ്റിങ് ഏരിയ എന്നിവ കിച്ചനോട് ചേർന്നു തന്നെ ഒരു മൊഡ്യൂൾ ആയി ഒരുക്കി.

കിച്ചനോട് ചേർന്ന് ഒരുക്കിയ ഫാമിലി ലിവിങ്ങും വൈറ്റ് ബ്രൗൺ നിറങ്ങളുടെ കോംപിനേഷനിലും ഉചിതമായ ലൈറ്റ് ഫിറ്റിങ്ങുകളുടെ മികവിനാലും മനോഹരമായി കാണപ്പെടുന്നു. വെനീർ ജിപ്സം കോംപിനേഷനിലാണ് സീലിങ് കൊടുത്തത്.

ലളിതവും സുന്ദരവും വിശാലവുമായ നാല് കിടപ്പുമുറികളാണ് ഈ വീട്ടിൽ ഉള്ളത്. സ്റ്റെയർ കയറി ആദ്യത്തെ ലാൻഡിങ്ങിലാണ് ഗസ്റ്റ് ബെഡ്റൂമിന് സ്ഥാനം കൊടുത്തത്. ഗസ്റ്റ് ബെഡ്‌റൂമിയോട് ചേർന്ന് തന്നെ ഒരു ബാൽക്കണിയും ഒരുക്കി. മറ്റ് ഏതൊരു സ്പേസിനേയും പോലെ തന്നെ പുറത്തെ കാഴ്ച ഭംഗിയും വായുവും വെളിച്ചവും ഉള്ളിലേക്കെത്തും വിധവുമാണ് മുറികളുടെ ക്രമീകരണം. മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലാണ് കിടപ്പുമുറികളിൽ ഫ്ലോറിങ്ങിന്. ഫർണിച്ചറുകളിലും ഫർണിഷിങ്ങുകളിലുമെല്ലാം മിതത്വം പാലിച്ചു കൊണ്ടുള്ള ഡിസൈൻ നയങ്ങളാണ് വ്യത്യസ്തത പുലർത്തുന്നത്.

ഓപ്പൺ കിച്ചനിൽ തന്നെ ബ്രേക്ക്ഫാസ്റ്റ് ടേബിളും കൊടുത്തു. എല്ലാവർക്കും ഒത്തുകൂടാൻ പാകത്തിനും ടിവി കാണാനുമൊക്കെ സാധ്യമാകും വിധമാണ് ഈ സ്പേസിന്റെ ക്രമീകരണം. കൗണ്ടർടോപ്പിന് നാനോ വൈറ്റാണ്. ക്യാബിനറ്റുകൾക്ക് പിയു ഫിനിഷാണ് കൊടുത്തത്.

വീടിന്റെ പിന്നിലുള്ള കോർട്ടിയാർഡിനു വുഡൻ ഡെക്ക് ഫ്ലോറിങ്ങാണ്. വെർട്ടിക്കൽ പർഗോള നൽകിയത് പ്രകൃതിയുടെ സ്രോതസുകളെ അനായാസം ഉള്ളിലേക്കെത്തിക്കുന്നു. ഇങ്ങനെ ലളിതവും സുന്ദരവും വിശാലവും സ്വകാര്യതയും എല്ലാം ഉപയുക്തമായി ഡിസൈൻ ചെയ്താണ് ഈ വീട് വീട്ടുകാരുടെ സ്വപ്ന ഗേഹമാക്കി മാറ്റിയത്.Client - Nazer
Location -Kodinhi, Malapuram
Plot - 47 cent
Area - 5400 sqft

Design - Arif Associates, Calicut
Phone - 94470 10567

Text courtesy - Resmy Ajesh

Photo courtesy - Chithira Jose