സൗകര്യങ്ങളും സൗന്ദര്യങ്ങളും ബഡ്ജറ്റിലൊതുക്കി

This article has been viewed 2239 times
65 ലക്ഷത്തിന് സർവ്വ പണികളും തീർത്ത സമകാലീനശൈലിയിലെ വീടാണിത്. ഉപയുക്തമായ ഡിസൈൻ ക്രമീകരണങ്ങൾ മാത്രമാണ് വീട്ടുടമയുടെ ആവശ്യപ്രകാരം ഇവിടെ നടപ്പാക്കിയിട്ടുള്ളത്. നാല് കിടപ്പുമുറികളോട് കൂടിയ ഇരുനില വീട് വേണമെന്നതായിരുന്നു വീട്ടുടമയുടെ പ്രധാന ആവശ്യം.

പഴയ ഒരു തറവാട് വീട് ഉണ്ടായിരുന്നു. അത് പൊളിച്ചു നീക്കിയാണ് അവിടെ പുതുപുത്തൻ വീട് പണിതത്. പ്ലോട്ടിൽ ഉണ്ടായിരുന്ന കിണർ അതേപടി തന്നെ നിലനിർത്തിയാണ് പുതിയ വീടിന് സ്ഥാനം കണ്ടത്. എലിവേഷനിൽ നൽകിയിട്ടുള്ള തേക്കിന്റെ പാനലിങ്ങും ഷോവാളിലെ സ്റ്റോൺ ക്ലാഡിങ്ങും മുറ്റത്ത് വിരിച്ചിരിക്കുന്ന പേവിങ് ടൈലുകളും കോംപൗണ്ട് വാളും ഗേറ്റും എല്ലാം എക്സ്റ്റീരിയറിന്റെ ആകർഷണീയതയാണ്. രാത്രി ലൈറ്റ് ഫിറ്റിങ്ങുകളുടെ ശോഭയിൽ പ്രത്യേക ആംപിയൻസ് കിട്ടുന്നുമുണ്ട്.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വാഷ് ഏരിയ, സ്റ്റെയർ ഏരിയ, അപ്പർ ലിവിങ്, ഓപ്പൺ ടെറസ്, അറ്റാച്ഡ് ബാത്ത്റൂമോട് കൂടിയ നാല് കിടപ്പുമുറികൾ എന്നിങ്ങനെയാണ് ഇരുനില വീട്ടിലെ സൗകര്യങ്ങൾ.

പ്രധാന വാതിലുകൾക്ക് തേക്കിൻ തടിയും ബാക്കി തടിപണികൾക്ക് മഹാഗണിയും ആഞ്ഞിലിയും ആണ് ഉപയോഗിച്ചത്. ലിവിങ്ങിലേയും ഡൈനിങ്ങിലേയും സീലിങ് പാറ്റേണും സീലിങ്ങിൽ നൽകിയിട്ടുള്ള ലൈറ്റ് ഫിറ്റിങ്ങുകളും ഇന്റീരിയറിന്റെ ആംപിയൻസ് കൂട്ടുന്നുണ്ട്. പാർട്ടീഷനുകൾ ഒഴിവാക്കിയുള്ള ഡിസൈൻ ക്രമീകരണങ്ങൾ അകത്തളങ്ങളെ വിശാലവും സുന്ദരവുമാക്കുന്നു.

സ്റ്റെയർകേസിനും സിറ്റൗട്ടിനും ലപ്പോത്ര ഗ്രാനൈറ്റ് വിരിച്ചു. വിശാലമായിട്ടാണ് ബെഡ്റൂമുകളെല്ലാം ഒരുക്കിയത്. അനാവശ്യ അലങ്കാരങ്ങളെല്ലാം പാടേ ഒഴിവാക്കിയാണ് മുറികൾ ഒരുക്കിയത്.

വെണ്മ തന്നെയാണ് ഏതു സ്പേസിനേയും സുന്ദരവും പ്രസന്നവുമാക്കുന്നത്. ടെക്സ്ച്ചർ വർക്കും ക്ലാഡിങ്ങും എല്ലാം വേണ്ട വിധം കൊടുത്തു. അടുക്കളയിൽ മാത്രമാണ് നിറത്തിനു പ്രാധാന്യം കൊടുത്തത്. വൈറ്റ്, റെഡ് നിറങ്ങളാണ് ഇവിടെ താരം. 'L' ഷെയ്പ്പ് കൗണ്ടറിന് ബ്ലാക്ക് ഗ്രാനൈറ്റ് കൊടുത്തു. മൾട്ടിവുഡ് - മറൈൻ പ്ലൈ വെനീർ കോംപിനേഷനാണ് ഷട്ടറുകൾക്ക്.

ഇങ്ങനെ വീട്ടുകാരുടെ ആവശ്യ പ്രകാരം ഒരു സാധാരണ കുടുംബത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും നൽകി 65 ലക്ഷത്തിൽ സകല പണികളും തീർത്തു കൊടുത്തു.Client - Hari G
Location - Ernakulam
Plot - 9.6 cent
Area - 2241 sqft

Design - Anoop K G
Cadd Artech
, Angamaly
Phone - 90379 79660

Text courtesy - Resmy Ajesh